ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ജെയ്ക് സി. തോമസിന്റെ വസ്ത്രം പൊലിസ് വലിച്ചുകീറിയെന്ന് ആരോപണം. കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തിൽ കയറ്റിയപ്പോഴാണ് സംഭവം. ഷർട്ടില്ലാതെ പൊലിസ് വാഹനത്തിനുള്ളിൽനിന്ന് ചിത്രീകരിച്ച സെൽഫി വീഡിയോയിലൂടെയാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്.
തനിക്കൊപ്പമുണ്ടായിരുന്ന നിരവധി നേതാക്കളെ പൊലീസ് ക്രൂരമായി മർദിച്ചെന്നും നടുവിൽ അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്നും ജെയ്ക് വീഡിയോയിൽ പറഞ്ഞു. നേരത്തേ ജെയ്കിന് ക്രൂരമായ മർദനമേറ്റെന്നും പൊലീസ് വസ്ത്രം വലിച്ചുകീറിയെന്നും എ.എ.റഹീം എംപിയും ആരോപിച്ചിരുന്നു.
റഹീം പുറത്തുവിട്ട വീഡിയോയിൽ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറിയതായി ഒരു പ്രവർത്തകയും ആരോപിക്കുന്നുണ്ട്. അതേസമയം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമാകുകയാണ്.